Newsperseconds.com

48 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരം; സെല്‍വിന്‍ ശേഖറിന്റെ ഹൃദയം ഹരിനാരായണനിൽ മിടിച്ചു തുടങ്ങി

Untitled Design (35)

തമിഴ്‌നാട് കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയം ഹരിനാരായണനിൽ മിടിച്ചു തുടങ്ങി. ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയമെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ശസ്ത്രക്രിയ പൂർണ വിജയമെന്നും ഹരിനാരായണനെ ഐസിയുവിലേക്ക് മാറ്റിയതായും ഡോക്ടർ പറഞ്ഞു. 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമേ ശസ്ത്രക്രിയ പൂര്‍ണ വിജയകരമെന്നും ഡോക്ട‌ർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് 40 മിനിറ്റ് കൊണ്ടാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ സൗജന്യമായി ഹെലികോപ്റ്റര്‍ തന്നത് ഏറെ സഹായകമായി. ച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് മൂന്നുമണിയോടെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു.

തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിനാണ് (36) മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.

ഹൃദയം ലിസി ആശുപത്രിയിലേക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.

തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു.

Share this Article

Leave a Comment