തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ രേഖ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പുറത്ത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നത്. നാലു മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പായിരുന്നു. മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയത്.
അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണം നിഷേധിച്ചു. കേസില്‍ അറസ്റ്റിലായ പ്രതികളെ അറിയാമെങ്കിലും അവര്‍ വ്യാജ രേഖയുണ്ടാക്കിയതായി തനിക്ക് അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.