കൊച്ചി: കുസാറ്റില്‍ നടന്ന ടെക്ക്‌ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വന്‍വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സലര്‍. ഗേറ്റ് തുറക്കാതെ പ്രോഗാമിന്റെ സമയത്തിന് അനുസരിച്ച് കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗാനമേള തുടങ്ങാന്‍ വൈകിയതിനാലാണ് കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടായത്. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. തുടര്‍ന്ന് സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു.
അപകടത്തില്‍ കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി ആല്‍ബിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.