വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുള്ള പെൺകുട്ടി മരിച്ചു. അഞ്ചുകുന്നു കാപ്പുംകുന്നു ആദിവാസി കോളനിയിലെ രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗം കടുത്ത്തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സാ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യ ഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയ്ക്ക് കടുത്ത പനിയെ തുടർന്ന് വീടിനു സമീപത്തെ പൊരുന്നന്നൂർ ആശുപത്രിയിൽ ചികിത്സ തേടിയത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സകൾക്കായി രേണുകയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്.