ലൈംഗിക അതിക്രമ കേസിൽ പ്രതിയായതിനെ തുടർന്ന് ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിൻ്റെ കൈയ്യില്‍ നിന്ന് രാജി എഴുതി വാങ്ങി. രാജിക്കത്ത് അഡ്വക്കേറ്റ് ജനറൽ നിയമ സെക്രട്ടറിക്ക് കൈമാറും.
നിയമസഹായം നൽകാൻ എന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പി ജി മനുവിനെതിരെയുള്ള കേസ്. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു. 2018 ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി യുവതി അഭിഭാഷകനായ മനുവിനെ സമീപിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നു.
ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. ഇന്നലെ പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു മനു പൊലീസിൽ പരാതിപ്പെടരുതെന്ന് സമ്മർദം ചെലുത്തിതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.