കൊല്ലം: അബിഗേല്‍ സാറ എന്ന ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും. പത്മകുമാറിനെ കുട്ടി തിരിച്ചറിയുകയും ചെയ്തു. കുട്ടിയുടെ വീടിന്റെ അടുത്ത് നിന്ന് പത്ത് മിനിറ്റ് മാത്രമേ പത്മകുമാറിന്റെ വീട്ടിലേക്ക് ഉള്ളു. ഇവരെ തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
കുട്ടി പറഞ്ഞിരുന്ന മൊഴിയില്‍ വലിയൊരു വീട്ടിലാണ് അന്ന് താമസിച്ചത്. ആ വീട്ടില്‍ ഒരു നായ ഉണ്ടായിരുന്നുവെന്നും കൂടാതെ നീല കാറിലും സഞ്ചരിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞിരുന്നു. പത്മകുമാറിന്റെ വീട്ടില്‍ നിന്നും വെള്ള സ്വിഫ്റ്റ് കാറും നീല കാറും പോലീസ് കണ്ടെടുത്തു. നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ പത്മകുമാറുമായി വലിയ രീതിയിലുള്ള ബന്ധം ഇല്ലെന്നാണ് പറയുന്നത്.
ഗേറ്റിന്റെ മുമ്പില്‍ എപ്പോഴും മൂന്നില്‍ കൂടുതല്‍ നായ ഉണ്ടാകാറുണ്ടെന്നും കൂടാതെ ഇയാള്‍ പുറത്തേക്ക് കാറില്‍ മാത്രമേ ഇറങ്ങാറുള്ളുവെന്നും നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികള്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുമായി ഒരു ബന്ധവും ഇല്ല. അടൂര്‍ കെഎപി ക്യാമ്പില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.