Newsperseconds.com

പത്മകുമാറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; കുട്ടിയെ താമസിപ്പിച്ചത് കാടിനുള്ളിലെ ഒന്‍പതോളം നായകളുള്ള ഫാം ഹൗസില്‍

Capture

കൊല്ലം: ആറു വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലെടുത്ത ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിന്റെ മൊഴിയില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് പോലീസ്. നല്ല സാമ്പത്തിക സ്ഥിതിയുള്ള പത്മകുമാര്‍ എന്തിനാണ് അഞ്ചു ലക്ഷം രൂപക്ക് വേണ്ടി മാത്രം ഇങ്ങനെ ചെയ്തത് എന്നതില്‍ വിശ്വസ്തതയില്ല. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് തെങ്കാശിയില്‍ പുളിയറ എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്.

കുട്ടിയെ താമസിപ്പിച്ചത് പത്മകുമാറിന്റെ ഫാം ഹൗസിലാണെന്ന് തെളിഞ്ഞു. ലക്ഷ്യം കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് പത്മകുമാര്‍ പറഞ്ഞു. തട്ടി കൊണ്ടു പോയ ദിവസം കുട്ടിയെ യൂട്യൂബില്‍ കാണിച്ച കാര്‍ട്ടൂണ്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിയത്. യൂട്യൂബിന് അയച്ച കത്തിന് മറുപടിയായി ലാപ്‌ടോപ്പിന്റെ ഐപി അഡ്രസ് കണ്ടുപിടിച്ച് പോലീസിന് അയക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം പത്മകുമാറിലേക്ക് എത്തി.

അതേ സമയം ഇയാളുടെ ഫാം ഹൗസില്‍ 9 നായകളെയാണ് കണ്ടെടുത്തത്. പശുവിനെ വളര്‍ത്തുന്ന ഫാം ഹൗസില്‍ എന്തിനാണ് ഇത്രയും നായയെന്നതില്‍ സംശയങ്ങളുണ്ട്. മൂന്ന് ഏക്കറില്‍ വിശാലമായ ഫാം ഹൗസിലേക്ക് പത്മകുമാര്‍ ആരെയും കയറ്റാറില്ല. കാടിനുള്ളില്‍ പേടി തോന്നിക്കുന്ന ഫാംഹൗസില്‍ പോലീസ് ഇനി വിശദമായി പരിശോധന നടത്തും. കേസില്‍ ബാക്കിയുള്ള ആളുകളുടേയും ഭാര്യയ്ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും.

Share this Article

Leave a Comment