കേരളത്തിലെ സാമ്പത്തികശാസ്ത്ര പണ്ഡിതനും ദലിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന് വിട. ഡോ.എം.കുഞ്ഞാമന് എന്ന മണ്ണ്യമ്പത്തൂര്‍ കുഞ്ഞാമന് ഡോ. കെ.ആര്. നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എ യില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയനാണ്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകള്‍ പുലര്‍ത്തുന്ന ഒരു ദലിത് ഇടതു ചിന്തകനായാണ് ഡോക്ടര്‍ എം. കുഞ്ഞാമന് അറിയപ്പെടുന്നത്. എം എ ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ സര്‍ക്കാര്‍ സമ്മാനിച്ച സ്വര്‍ണ്ണ മെഡല്‍ പട്ടിണി കാരണം വില്‍ക്കേണ്ടിവന്നതടക്കമുള്ള ഒരുപാട് ദുരനുഭവങ്ങള്‍ അനുഭവകഥയില്‍ കുഞ്ഞാമന് പങ്കുവെച്ചിരുന്നു. എതിര് എന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ പുരസ്കാരം ലഭിച്ചുവെങ്കിലും നിരസിച്ചു.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനിച്ചു. പാണ സമുദായത്തില്‍ പിറന്ന ഡോക്ടര്‍ എം. കുഞ്ഞാമന്റെ ചെറുപ്പകാലം ദാരിദ്ര്യത്തിന്റെതും ജാതി വിവേചനത്തിന്റെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ആത്മവിശ്വാസത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും അതിനെയെല്ലാം നേരിട്ട അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് കരസ്ഥാമാക്കി. എതിര് എന്ന അനുഭവക്കുറിപ്പില്‍ തന്റെ ജീവിതത്തിലുടനീളം കുഞ്ഞാമന് അനുഭവിച്ച ജാതിവിവേചനത്തിന്റെയും ജാതി പീഢനത്തിന്റേയും അമ്പരപ്പിക്കുന്ന നേര്കാഴ്ചകള് വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുന്നതാണ്.