ചെന്നൈ: മൈചൗങ് ചുഴലറ്റിക്കാറ്റിനെ തുടര്‍ന്ന് വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി. രണ്ടായിരത്തോളം അയ്യപ്പഭക്തരാണ് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങികിടക്കുന്നത്. മൈചൗങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 118 ഓളം ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് തീര്‍ത്ഥാടകര്‍ കുടുങ്ങികിടക്കുന്നത്.
തമിഴ്‌നാട്ടിലും തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാകരും കുടുങ്ങിയത്. ആവശ്യത്തിന് കയ്യില്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍. എത്ര ദിവസം ഇങ്ങനെ തുടരാനാകുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്. ബുക്ക് ചെയ്ത ട്രെയിന്‍ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.