തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനിയായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് ഷഹാന എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹാനയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്, ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും മാത്രമാണ് കുറിപ്പിലുള്ളത്.
ഒപ്പം പഠിക്കുന്ന സുഹൃത്തുമായി ഷഹാനയുടെ കല്ല്യാണം ഉറപ്പിച്ചിരുന്നു. അവര്‍ ആവശ്യപ്പെട്ട സ്ത്രീധന തുക കൊടുക്കാന്‍ കുടുംബത്തിന് സാമ്പത്തിക ശേഷി ഇല്ലാത്തതില്‍ ഷഹാന വിഷമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതില്‍ മനം നൊന്താണ് ഷഹാന മരിച്ചതെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.