കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയുടെ ക്രൂര അക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കൂടല്ലൂര്‍ സ്വദേശി പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്നലെ പാടത്ത് പുല്ലരിയാന്‍ പോയ പ്രജീഷിനെ ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിനെ കണ്ടെത്തിയത്. ഒരു കാല് പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.
സംഭവം നടന്ന് ഒരുപാട് സമയം കഴിഞ്ഞിട്ടും വനംവകുപ്പ് സ്ഥലത്തെത്താതിരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള കെണിവയ്ക്കാന്‍ ഒരുങ്ങുകയാണ്. സംഭവത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഐസി ബാലകൃഷ്ണന് എംഎല്‍എ, ഡിഎഫ്ഒ ഷജ്ന കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പാതി ഭക്ഷിച്ച നിലയില്‍ ആയിരുന്നു പ്രജീഷിനെ കണ്ടെത്തിയത്. അത് കൊണ്ട് തന്നെ പ്രദേശവാസികള്‍ പേടിയിലാണ്. പ്രദേശത്ത് കനത്ത ജാഗ്രതയാണ്.