കോഴിക്കോട്: ഭര്‍തൃവീട്ടുകാരുടെ നിരന്തരമര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷബ്നയുടെ മരണത്തില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഷബ്‌ന ആത്മഹത്യ ചെയ്ത ദിവസം ഭര്‍തൃവീട്ടുകാര്‍ ചീത്ത വിളിച്ച് മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഷബ്‌നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. ഷബ്‌ന തന്നെ ഫോണില്‍ എടുത്ത വീഡിയോയാണിത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ചാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സംസാരിക്കുന്നത്. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ, ഷബ്‌നയെ അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് പറഞ്ഞാണ് ഭീഷണി ഉയര്‍ത്തുന്നത്. ഈ സംഭവങ്ങല്‍ള്‍ക്ക് പിന്നാലെയാണ് ഷബ്‌ന ആത്മഹത്യ ചെയ്തത്.
ഷബ്‌നയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയെല്ലാം പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ഷബ്‌ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്നയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതാണെന്നും വീട്ടില്‍ ബന്ധുക്കളും അനിയന്മാരുമെല്ലാം ഉണ്ടായിട്ടും ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ഷബ്നയുടെ മകളുടെ മൊഴി നല്‍കിയിട്ടുണ്ട്.
ഉമ്മയെ രക്ഷിക്കണമെന്ന് മകള്‍ കരഞ്ഞു പറഞ്ഞിട്ടും ചാവുകയാണെങ്കില്‍ ചാവട്ടെ എന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞതെന്നും കുട്ടി മൊഴി നല്‍കി. ഭര്‍തൃവീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നും ഷബ്നക്ക് നീതി ലഭിക്കണമെന്നും ഷബ്നയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷബ്നയുടെ മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.