Newsperseconds.com

പ്രിയ സഖാവിന് യാത്രാമൊഴി; ധീര നായകന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി രാഷ്ട്രീയ കേരളം; ചെങ്കൊടി പുതച്ച് കാനത്തിന് മടക്കയാത്ര

Capture

കോട്ടയം: പ്രിയപ്പെട്ട നേതാവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി. കാനത്തെ താറവാട്ടുവീട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ പങ്കുചേര്‍ന്നു. ധീരനായകന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി രാഷ്ട്രീയ കേരളം സംസ്‌കാര ചടങ്ങിനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരം പട്ടത്ത് പിസി സ്മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് കാനത്തെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒന്നു കാണാന്‍ ഏറെ വൈകിയും ആളുകള്‍ റോഡരികില്‍ കാത്തു നിന്നു. മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമടക്കം കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം കാനം രാജേന്ദ്രന്‍ അവധിയെടുക്കാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

നിലപാടുകളുടെ കാര്‍ക്കശ്യക്കാരനായ കാനം എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തിയത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായ അദ്ദേഹം 1970ല്‍ സംസ്ഥാന സെക്രട്ടറിയായി. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയും സി.കെ. ചന്ദ്രനും എ.ഐ.വൈ.എഫ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ കാനമായിരുന്നു കേരളത്തിലെ പ്രമുഖ നേതാവ്.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

 

 

Share this Article

Leave a Comment