വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വെച്ചാണ് ഏത് കടുവയാണ് പ്രദേശത്ത് ഉള്ളത് എന്ന് കണ്ടുപിടിക്കുക.
11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. യുവാവ് മരിച്ച് രണ്ടാമത്തെ ദിവസമായിട്ടും കടുവയെ പിടിക്കാത്തതിനാല്‍ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍ തുടരുക. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.
പശുവിന് പുല്ലരിയാന്‍ പാടത്തേക്ക് ഇറങ്ങിയ പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.