കല്‍പ്പറ്റ: വാകേരിയില്‍ യുവാവിനെ കൊന്നു തിന്ന കടുവയെ വനംവകുപ്പിന് കണ്ടെത്താനായില്ല. മൂന്ന് ദിവസമായിട്ട് കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചില്‍ തുടരുകയാണ്. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പക്ഷേ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനാല്‍ അതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ തുടരുന്നത്.
22 ക്യാമറ ട്രാപ്പുകളാണ് പലയിടത്തായി വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തില്‍ സ്ഥാപിച്ച കൂടിന് പുറമെ പുതിയൊന്നുകൂടി കൂടല്ലൂരില്‍ എത്തിച്ചിട്ടുണ്ട്.ഇതിലും കെണിയൊരുക്കാനാണ് തീരുമാനം. ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കര്‍ , ഗാന്ധിനഗര്‍ മേഖലയില്‍ ആണ് ഇന്നലെ തെരച്ചില്‍ നടത്തിയത്.