കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാല ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണറെ ഒരു കാരണവശാലും ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുൻപ് അറിയിച്ചത്. സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലീസുകാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗസ്റ്റ് ഹൗസിന് മുമ്പിലും സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ എത്തുക. വൈകിട്ട് 6.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗ്ഗം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. ഈ മാസം 18 വരെ ഗവർണർ ക്യാമ്പസിൽ തങ്ങും.