പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. രാജ്യസഭ 11.30 വരെയും ലോക്സഭ 12 മണിവരെയുമാണ് നിർത്തിവച്ചത്. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര സർക്കാരും വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സുരക്ഷ പ്രശ്നം ഉന്നയിച്ച് ലോക് സഭയിൽ വാദപ്രതിവാദങ്ങൾ നടന്നു. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിഷയം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ പരിഗണയിൽ വരുന്നതാണെന്നും അന്വേഷണം നടക്കുകയാണെന്നും അതിനാൽത്തന്നെ കേന്ദ്രസർക്കാർ ഇതിൽ വിശദീകരണം നൽകേണ്ടതില്ല എന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്പീക്കർ ഓം ബിർള.
സഭയിൽ മുദ്രാവാക്യം വിളിക്കരുതെന്നും സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ, പ്രതിപക്ഷം വഴങ്ങാൻ തയാറായില്ല. ഇതേതുടർന്നാണ് സഭ നിർത്തിവച്ചത്.