അൻപൊട് കേരളത്തിന്റെ ദുരിതാശ്വാസ സഹായം തമിഴ്നാട്ടിലേക്ക്. ദുരിതാശ്വാസ സാമഗ്രികളുമായുള്ള ആദ്യ ലോഡ് തമിഴ്നാട്ടിലേക്ക് അയച്ചതായി ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. ഇന്നലെ രാത്രി 250 കിറ്റുകളാണ് അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലുണ്ടായ പ്രളയ ബാധിതരായ ജനങ്ങളെ സഹായിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ നടത്തിയ സഹായ പരിപാടിയാണ് അൻപൊട് കേരളം. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുളള ദുരിതാശ്വാസ പരിപാടിയിലേക്ക് എല്ലാവർക്കും സഹായം എത്തിക്കാവുന്നതാണ്.
ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ സഹായം നല്‍കാനാണ് ഉദേശിക്കുന്നത്. അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമായി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാലും സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 89439 09038, 97468 01846 നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.
വെള്ള അരി, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി, റവ, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി, ബക്കറ്റ്, കപ്പ്, സോപ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്, സൂര്യകാന്തി എണ്ണ, സാനിറ്ററി പാഡ്, ഒരു ലിറ്റര്‍ കുടിവെള്ളം, ഒരു ബെഡ് ഷീറ്റ് എന്നിവയാണ് സഹായ പരിപാടിയിലേക്ക് സ്വീകരിക്കുന്ന വസ്തുക്കൾ.