മണ്ഡലകാലം 39 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളിലെ വരുമാനം 222.98കോടിയായിരുന്നു.
അതേസമയം, കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ വർധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണിക്കയായി ഇതുവരെ ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു.
മണ്ഡലകാലം മുതൽ ഡിസംബർ 25 വരെ 31,43,163 ഭക്തരാണ് ദർശനം നടത്തിയത്. തിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിൽ പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് വൈകിട്ട് 11.00 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും.