ശബരിമലയിൽ മണ്ഡല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ വോളണ്ടിയർമാരെ വിന്യസിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിപീഠം മുതൽ സന്നിധാനം വരെ 36 കേന്ദ്രങ്ങളിലാണ് വോളണ്ടിയർമാരെ നിയോഗിക്കുക. ക്യൂ കോംപ്ലക്സിലേക്ക് ആളുകളെ കയറ്റാതെയുള്ള വരി നിയന്ത്രിക്കാൻ അടുത്ത ഘട്ടത്തിൽ ഇവരെ നിയോഗിക്കും.
ഇതിനു പുറമേ, സിവിൽ ദർശനത്തിന് എത്തുന്ന 24,000 പേർക്ക് പ്രത്യേക ക്യൂ ഏർപ്പാട് ചെയ്യാൻ പോലീസിനോട് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ നിലയ്ക്കലിലും സ്പോട്ട് ബുക്കിംഗ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചില വ്യാജപ്രചാരണങ്ങളിലൂടെ ശബരിമലയെ തകർക്കാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു. പതിനെട്ടാംപടിക്ക് മുകളിലുള്ള ഹൈഡ്രോളിക് മേൽക്കൂര മാറ്റുക തന്നെ വേണം. അത് പതിനെട്ടാംപടിയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രയാസമുണ്ടാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല വരുമാനത്തിൽ സർവകാല റെക്കോർഡ് ആണ് ഇക്കുറി രേഖപ്പെടുത്തിയത്. ഇത്തവണ 241.71 കോടി രൂപയുടെ വരുമാനമാണുണ്ടായത്. കഴിഞ്ഞ വർഷത്തെക്കാൾ 18.72 കോടി അധിക വർധനവാണ് ഇതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എണ്ണിത്തീരാത്ത ചില്ലറ കൂടി ചേരുമ്പോൾ ഇത് 250 കോടി കടക്കുമെന്നാണ് വിലയിരുത്തൽ.