വയനാട്: കണ്ണൂരില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്നും മാവോയിസ്റ്റ് പോസ്റ്റര്‍. വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. നവംബര്‍ 13ന് രാവിലെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് നേതാവ് ലക്ഷ്മിയെന്ന കവിതയാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.
ഏറ്റുമുട്ടലിലെ ചെറുത്ത് നില്‍പ്പിനിടെ കവിതയ്ക്ക് വെടിയേറ്റെന്നാണ് കത്തില്‍ പറയുന്നത്. തുടര്‍ന്ന്
ചികിത്സക്കിടെ രക്തസാക്ഷിത്വം വരിച്ചുവെന്നും കവിതയുടെ ഭൗതിക ശരീരം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ട എല്ലാ ബഹുമതികളോടും കൂടി പശ്ചിമഘട്ടത്തില്‍ സംസ്‌കരിച്ചുവെന്നും കത്തില്‍ പറയുന്നു.
കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത (ലക്ഷ്മി) 2021 ല്‍ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. കവിതയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാന്‍ ഒരുങ്ങണമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.