മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്ന് വിളക്ക് തെളിയിച്ചത്. ആഴിയിൽ അഗ്നി പകരുന്നതോടെ തീർഥാടകർക്ക് ദർശനം നടത്താം. ജനുവരി 15ന് ആണ് മകരവിളക്ക്.
ജനുവരി 15ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും.
19 വരെ തീർഥാടകർക്ക് നെയ്യഭിഷേകം നടത്താം .19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീർഥാടകർക്ക് ദർശനം നടത്താം. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നട അടയ്‌ക്കും.