പത്തനംതിട്ട മൈലപ്രയിൽ വയോധികനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ. മൈലപ്ര പുതുവേലിൽ സ്റ്റോഴ്‌സ് ഉടമ ജോർജ് ഉണ്ണുണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെയുള്ള കൊലപാതമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ മൂവാറ്റുപുഴ റോഡിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഞെട്ടലിലാണ് നാട്ടുകാർ.
മൈലപ്ര ജംഗ്ഷനിൽ ദീർഘകാമായി കട നടത്തുകയായിരുന്നു 73 കാരനായ ജോർജ് ഉണ്ണുണ്ണി. ഇദ്ദേഹത്തിൻറെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല മോഷണം പോയിട്ടുണ്ട്. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും എടുത്തുമാറ്റിയ നിലയിൽ മോഷണത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് പറഞ്ഞു.
റോഡിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.