മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും മുന്നറിയിപ്പ്. മന്ത്രി സജി ചെറിയാനും, കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്കു ഭൂഷണമായിരിക്കാം. എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖ്യപ്രസംഗം ആരംഭിക്കുന്നത്. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നത്.
പാര്‍ട്ടി അണികളുടെ കൈയ്യടി നേടാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാന്‍. എന്നാല്‍ അത്തരം വിടുവായത്തം തിരുത്താന്‍ സജി ചെറിയാനോട് പറയുന്നതിന് പകരം മുഖ്യമന്ത്രി അതിന് പിന്തുണ നല്‍കുന്നതായിരുന്നു ഇന്നലെ മുഖ്യമന്ത്രി എറണാകുളത്ത് നടത്തിയ പ്രതികരണം. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മര്യാദ എല്ലാക്കാലവും ക്രൈസ്തവ സഭാ നേതൃത്വം പുലര്‍ത്തിയിട്ടുണ്ട്. നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിലും ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തിരുന്നു. അത് കണ്ട് സജി ചെറിയാന് രോമാഞ്ചമുണ്ടായോയെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ആരായുന്നു.
ക്രൈസ്തവര്‍ എന്തു രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിരോധാഭാസത്തെ പ്രത്യശാസ്ത്രമായി കൊണ്ടു നടക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ച് രോമാഞ്ചം കൊള്ളുന്നവര്‍ ആഗോള ക്രൈസ്തവ സഭ ഏറ്റുവാങ്ങിയ പീഢനങ്ങൾ ഓര്‍മ്മിക്കണമെന്നും പറയുന്നു. ക്രൈസ്തവര്‍ ഏറ്റുവാങ്ങിയ പീഢനത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരെ ഇപ്പോള്‍ അക്ഷേപിക്കുന്നത് മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കണമെന്നും മുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
കമ്മ്യൂണിസ്റ്റുകാരും മുസ്ലിം ഭീകരപ്രസ്ഥാനങ്ങളായി ബൊക്കോ ഹറാം, ഐഎസ്‌ഐഎസ് ഉള്‍പ്പെടെയുള്ളവരും ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ കുപ്രസിദ്ധരാണെന്ന് പരോക്ഷ മറുപടിയായി മുഖപ്രസംഗം നല്‍കുന്നു. മണിപ്പൂരില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇരകളായവര്‍ക്കും നീതി കിട്ടണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കേരളത്തിലെ കത്തോലിക്കാ മെത്രന്മാര്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ കെ ടി ജലീല്‍ ദുഷ്ടലാക്ക് കണ്ടു. സോഷ്യല്‍ മീഡിയയിലൂടെ ജലീല്‍ വിഷം ചീറ്റിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുസ്ലിം ലീഗ് അധ്യക്ഷനും ബിജെപി അധ്യക്ഷനും കെസിബിസി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ ഒന്നിച്ചു വേദിപങ്കിട്ടതാണ് കെ ടി ജലീലിനെ അസ്വസ്ഥനാക്കിയതെന്നും മുഖ പ്രസംഗത്തിൽ പറയുന്നു