തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലേക്കാണ് എത്തുക. തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. വന്‍വരവേല്‍പ്പാണ് മോദിക്ക് തൃശ്ശൂരില്‍ ഒരുക്കിയിട്ടുള്ളത്. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. അതേ സമയം, വന്‍ സുരക്ഷാ സന്നാഹമാണ് തൃശ്ശൂരില്‍ സജ്ജമാക്കിയത്. അത് കൂടാതെ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും.
ഉച്ചക്ക് രണ്ടുമണിക്ക് കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടില്‍ ആയിരിക്കും പ്രധാനമന്ത്രി എത്തിച്ചേരുക. രണ്ടേകാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും ബീനാ കണ്ണന്, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന് , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും.