കൊല്ലത്ത് കലയുടെ അരങ്ങിന് തിരി തെളിഞ്ഞു. ഇനി അഞ്ച് നാൾ കേരളം കലോത്സവ നിറവിൽ. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ചതോടെ കൗമാരോത്സവത്തിന് തുടക്കമായി. കൊല്ലത്തെ 24 വേദികളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. സ്റ്റാർ ഐറ്റങ്ങൾ അരങ്ങേറുന്ന ആശ്രാമം മൈതാനം ഇതിനോടകം തന്നെ കാണികളാൽ നിറഞ്ഞു.
ആശ്രാമ മൈതാനത്തെ ഒഎൻവി സ്മൃതി വേദിയിൽ കാസർകോടുനിന്നുള്ള വിദ്യാർത്ഥികളുടെ മംഗലം കളിയോടെയും നടി ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്ത ശിൽപ്പത്തോടെയും ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച് 62ാമത് കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നടി നിഖില വിമല്‍ മുഖ്യാതിഥിയായി.
രാവിലെ ഒൻപത് മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തി. ഉദ്ഘാടന ദിവസമായ ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, കോൽക്കളി, മാർഗംകളി, കുച്ചിപ്പുടി, സംസ്കൃത നാടകം, കഥകളി എന്നീ ഇനങ്ങളും ഉണ്ടാകും.