തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. കോടികള്‍ കുടിശ്ശിക ആയതോടെ കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതിനെ തുടര്‍ന്നാണ് ആന്റിബയോട്ടിക്കുകളും മറ്റു ഗുളികകളും കിട്ടാതായത്.
ബജറ്റില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനായി നീക്കിവെച്ച 660 കോടി രൂപയില്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 110 കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷത്തെ തുകയും കിട്ടാക്കടം ആണെന്നാണ് കമ്പനികള്‍ പറയുന്നത്.
അതേ സമയം, സംസ്ഥാനത്ത് പകര്‍ച്ചാവ്യാധികളും പനികളും രൂക്ഷമാവുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഫാര്‍മസി കൗണ്ടറിന് മുന്നിലെത്തുന്നവര്‍ക്ക് മരുന്ന് ലഭിക്കുന്നില്ല.
ആന്റിബയോട്ടിക്കായ അമോക്‌സിലിന്‍, നാല് ലക്ഷം ഗുളികക്കാണ് ജനറല്‍ ആശുപത്രി ഇന്റന്റ് നല്‍കിയത്. മരുന്ന് തീര്‍ന്നെന്ന് അറിയിച്ചിട്ടും മരുന്ന് എത്തിച്ചിട്ടില്ല. പാന്റപ്രസോള്‍, സിട്രിസിന്‍ മുതലായ മരുന്നുകളും കിട്ടാനില്ല.