പന്തല്ലൂരില്‍ മൂന്നുവയസുകാരിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. പുലിയെ രണ്ട് തവണ മയക്കുവെടി വച്ചാണ് പിടിച്ചത്. വൈകാതെ കൂട്ടിലേക്ക് മാറ്റും. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാരും വ്യാപാരി വ്യവസായികളും പ്രദേശത്ത് ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയിലാണ് പുലിയെ വനംവകുപ്പ് പിടികൂടിയത്.
പുലിയെ വെടിവെച്ചു കൊല്ലണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് എസ്റ്റേറ്റ്മൂ തൊഴിലാളികളുടെ മൂന്ന് വയസ്സുകാരി മകളായ നാന്‍സിയെ പുലി കടിച്ചു കൊലപ്പെടുത്തിയത്. പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു ഇന്നലെ രാത്രി മുതല്‍ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായി. കടകമ്പോളങ്ങളും ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു. കുട്ടിയെ ആക്രമിച്ചതിന് ശേഷം പുലി മഞ്ജുള എന്ന സ്ത്രീയെയും ആക്രമിച്ചു. ഇവര്‍ പന്തല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.