Newsperseconds.com

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Untitled Design (10)

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്.

ആയുഷ് സേവനങ്ങള്‍ക്കായുള്ള ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ഈ രംഗത്തെ സ്വീകാര്യതയും മുന്‍ഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ കേരളം മികവ് പുലര്‍ത്തുന്നതായി നീതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു ക്യാമ്പില്‍ ഏകദേശം 600 പേര്‍വരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്.കേരളം ആയുഷ് രംഗത്ത് നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി മാറ്റിവച്ചത്. മുൻ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഇത്.

ഇതിനു പുറമേ, ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിലും 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ മുഴുവന്‍ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കിയതിനെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും നീതി ആയോ​ഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

Share this Article

Leave a Comment