Newsperseconds.com

ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യങ്ങള്‍; ഇടുക്കിയില്‍ നടന്നത് സര്‍ക്കാരിന്റെ സ്‌പോണ്‍സേര്‍ഡ് സമരം; രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

Capture

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനം തടയാന്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്റെ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലാണ് ഇടുക്കിയില്‍ കണ്ടതെന്നും സംസ്ഥാന ഭരണത്തലവനെ ഭീഷണിപ്പെടുത്തുന്ന സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നിലപാട് ജനാധിപത്യ സമൂഹം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

എംഎം മണി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഗവര്‍ണറെ ആക്രമിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. വളരെ മോശം പദം ഗവര്‍ണര്‍ക്കെതിരെ ഉപയോഗിച്ച മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കേണ്ടതുണ്ട്. ഇടുക്കിയില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന അസഭ്യ മുദ്രാവാക്യങ്ങളും സമരവും സംസ്ഥാനത്തിന് നാണക്കേടായിരിക്കുകയാണ്.

ഭൂനിയമ ഭേദഗതി ബില്ലില്‍ മൂന്നുതവണ സര്‍ക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന ഗവര്‍ണറുടെ ആരോപണം ഗൗരവതരമാണ്. കേന്ദ്രസര്‍ക്കാര്‍ മലയോരനിവാസികള്‍ക്ക് വേണ്ടി നിയമം ഉണ്ടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവരെ പ്രതിസന്ധിയിലാക്കാനാണ് നിയമം ഉണ്ടാക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ ചോദ്യം ചെയ്തതാണ് ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മിന്റെ പുതിയ പ്രകോപനത്തിന് കാരണം. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടേയും ഭീഷണിക്ക് വക വെക്കാതെ ചടങ്ങ് സംഘടിപ്പിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ അഭിനന്ദിക്കുന്നു. ഇത്തരം വില കുറഞ്ഞ ഭീഷണിയില്‍ ഗവര്‍ണര്‍ പേടിപ്പിച്ച് നിര്‍ത്താനാവുമെന്ന് ആരും കരുതേണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share this Article

Leave a Comment