സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും മികവുറ്റ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യഘട്ട നടപടികൾ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്.