ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല ചിവിട്ടുന്നത്.
ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കാൻ ഇന്ന് മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഈ മാസം 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ മകരവിളക്കിന് മൂന്നുനാൾ മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് കാണാനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ തൊഴുന്നതിനുമായി ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്.
ഇതിനൊപ്പം കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കുമെന്നതിനാലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.