ദില്ലി: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എഐസിസി നേതൃത്വം. കോണ്‍ഗ്രസ് സ്വീകരിച്ചത് മതേതരത്വ നിലപാടാണെന്നും കേരളത്തിലെ സാഹചര്യമല്ലെന്നും തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
അതേ സമയം, സംസ്ഥാനങ്ങളില്‍ വിവിധ സ്ഥലത്തായി നടക്കുന്ന പൂജകളിലോ ചടങ്ങുകളിലോ പാര്‍ട്ടി നേതാക്കള്‍ പങ്കുചേരുന്നത് എതിര്‍ക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിര്‍പ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു. ആര്‍എസ്എസ് ബിജെപി പരിപാടിയായ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തിരഞ്ഞെടുപ്പ് നേട്ടത്തിനായി തന്ത്രപരമായി നടത്തുന്നതാണെന്നും ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരായ പാര്‍ട്ടി നേതാക്കളെല്ലാം ക്ഷണം നിരസിച്ചു. ഇവര്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ ഇത് വരെ വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ ‘ഇന്ത്യ’ സഖ്യത്തിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം കോണ്‍ഗ്രസ് പറയുന്നത്.