പട്ന: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ബീഹാറില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധം നടത്തി. എട്ടും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. മറ്റൊരാള്‍ പട്‌നയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജീവനുവേണ്ടി പോരാടുകയാണ്.
പട്നയുടെ പ്രാന്തപ്രദേശത്തുള്ള ഫുല്‍വാരിഷരീഫിലെ ഹിന്ദുനി ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തെരഞ്ഞിറങ്ങി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
ഈ ഭയാനകമായ സംഭവം പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷം ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് രോഷാകുലരായ ആളുകള്‍ തെരുവിലിറങ്ങുകയായിരുന്നു. കയ്യില്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ തിരക്കേറിയ റോഡുകള്‍ തടഞ്ഞു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി ടയറുകള്‍ കത്തിച്ചു നാട്ടുകാര്‍ പ്രതിഷേധമറിയിച്ചു.