മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. തൗബാലിൽ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റു. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രമിച്ച സേനയ്ക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. അതേസമയം, മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു.
മോറെയിൽ രണ്ട് സൈനികർ കുക്കി വിഭാഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മെയ്തെയ് വിഭാഗം ഇന്നലെ രാത്രി തൗബാലിലെ പൊലീസ് ആസ്ഥാനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന ഘട്ടമെത്തിയപ്പോൾ ബിഎസ്എഫ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ആയുധധാരികളായ അക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് ബിഎസ്എഫ് ജവാന്മാർ ചികിത്സയിൽ കഴിയുകയാണ്. അക്രമികൾക്ക് വേണ്ടിയുള്ള നടപടികൾ സേന ശക്തമാക്കി. മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു ഗുരുതരമായി പരിക്കേറ്റ രണ്ടു സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.