രാമമന്ത്ര മുഖരിതമായി അയോധ്യ. പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തി. പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ അല്‍പ്പസമയത്തിനകം ആരംഭിക്കും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30ന് ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ. പ്രാണായാമം വഴി വലത് നാസികയിലൂടെ പ്രാണന്റെ അംശം, സപ്തനദികളിലെ ജലത്തിലൂടെ വിഗ്രഹത്തിൽ ലയിപ്പിക്കുന്നതാണ് ചടങ്ങ്.
ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിൽ ഉണ്ടാവുക. പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറുകയാണ്.