അയോധ്യയിൽ രാംരല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രാണായാമം വഴി വലത് നാസികയിലൂടെ പ്രാണന്റെ അംശം, സപ്തനദികളിലെ ജലത്തിലൂടെ വിഗ്രഹത്തിൽ ലയിപ്പിച്ചു. അയോധ്യ രാമമന്ത്രങ്ങളാൽ മുഖരിതമായി കഴിഞ്ഞിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് പ്രതിഷ്ഠ ചടങ്ങ് സമയത്ത് ശ്രീകോവിലിൽ ഉണ്ടായിരുന്നത്. പ്രതിഷ്ഠാ കർമ്മം പൂർത്തിയായതിനി പിന്നാലെ അയോധ്യയിൽ ഉടനീളം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടക്കുകയാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ മംഗലഘോഷം ഉയർന്നു. ബാലകരൂപനായ ശ്രീരാമനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. വിവിധ പൂജാദ്രവ്യങ്ങൾ വിഗ്രഹത്തിന് നേദിക്കുന്ന ചടങ്ങാണ് ഇപ്പോൾ നടക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.