ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ അസം ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്കി.
അസമില്‍ പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ബാരിക്കേഡ് പൊളിച്ചതിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടി. ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അസം മുഖ്യമന്ത്രി നടത്തിയത്.
ഇങ്ങനെയുള്ള അക്രമണങ്ങള്‍ അസമീസ് സംസ്കാരത്തിന്റെ ഭാഗമല്ല. സമാധാനപരമായ ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇത്തരം ‘നക്സലൈറ്റ് തന്ത്രങ്ങള്‍’ നമ്മുടെ സംസ്കാരത്തിന് തികച്ചും അന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസിന്റെ അനിയന്ത്രിതമായ പെരുമാറ്റവും അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനവും ഗുവാഹത്തിയില്‍ ഇപ്പോള്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.