ന്യൂഡല്‍ഹി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ അസം ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അസമില്‍ പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ബാരിക്കേഡ് പൊളിച്ചതിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടി. ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അസം മുഖ്യമന്ത്രി നടത്തിയത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, അക്രമം, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.