അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചതെന്ന് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു.
ആദ്യ ദിവസം അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് രാമക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. ബുധനാഴ്ചയും സമാനമായ രീതിയിൽ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. 23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.