ഗുവാഹത്തി: അസമില്‍ അക്രമത്തിന് പ്രേരിപ്പിച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ചൊവ്വാഴ്ച നടന്ന പാര്‍ട്ടിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്കിടെ രാഹുല്‍ ഗാന്ധിക്കും മറ്റ് നിരവധി നേതാക്കള്‍ക്കുമെതിരെ അസം പോലീസ് സ്വമേധയാ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ബി.ജെ.പി ഭരിക്കുന്ന അസം സര്‍ക്കാരിന് കഴിയുന്നത്ര കേസുകള്‍ ഫയല്‍ ചെയ്യാമെന്നും എന്നാല്‍ തന്നെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതൊന്നും കാണിച്ച് പേടിപ്പിക്കേണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (സിഐഡി) രൂപീകരിക്കുന്ന എസ്‌ഐടി മുഖേനയുള്ള സമഗ്രമായ അന്വേഷണത്തിനായി കേസ് അസം സിഐഡിക്ക് കൈമാറിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജി പി സിംഗ് പറഞ്ഞു.