പട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ഇന്ന് ബിഹാറിലെത്തും. രാഹുല്‍ ഗാന്ധിയുടെ ബീഹാര്‍ സന്ദര്‍ശനത്തിന്റെ സമയം ശ്രദ്ധേയമാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മടങ്ങിയെത്തിയതോടെ കോണ്‍ഗ്രസ് വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് പര്യടനം ബീഹാറിലെത്തുന്നത്.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ബീഹാറിലെ ആദ്യ സന്ദര്‍ശനമാണിത്. കിഷന്‍ഗഞ്ചില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ചൊവ്വാഴ്ച തൊട്ടടുത്ത ജില്ലയായ പൂര്‍ണിയയില്‍ റാലിയും നടത്തും. കൂടാതെ, അടുത്ത ദിവസം കതിഹാറില്‍ മറ്റൊരു റാലി ആസൂത്രണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കില്‍ അഹമ്മദ് ഖാന്‍ അറിയിച്ചു.
അതേ സമയം, ബസിലും കാറിലും പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. യാത്രയെ വന്‍ വിജയമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ശക്തി കാണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. തേജസ്വി യാദവ് അടക്കം ആര്‍ജെഡി നേതാക്കള്‍ യാത്രയില്‍ അണിചേരും.