ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹര്‍ദയിലെ ബൈരാഗര്‍ഹ് ഗ്രാമത്തിലെ മഗര്‍ധ റോഡില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതം 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ അനുഭവപ്പെട്ടു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്നും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.