ന്യൂഡല്‍ഹി: ഹല്‍ദ്വാനി പ്രദേശത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മദ്രസയും ഭൂഗര്‍ഭ മസ്ജിദ് പോലുള്ള കെട്ടിടവും തകര്‍ത്തതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം പടര്‍ന്നു. രോഷാകുലരായ നിവാസികള്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജെസിബി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.
ജനക്കൂട്ടം ബാരിക്കേഡുകള്‍ മാറ്റുകയും വാഹനങ്ങള്‍ കത്തിക്കാനും തുടങ്ങിയതോടെ സ്ഥിതിഗതികള്‍ പെട്ടെന്ന് വഷളായി. പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു. കല്ലേറില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സംഘര്‍ഷഭരിതമായ ബന്‍ഭൂല്‍പുര മേഖലയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവിടേക്കുള്ള എല്ലാ റോഡുകളും ബാരിക്കേഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കലാപകാരികളെ കണ്ടാല്‍ വെടിവയ്ക്കാനും നിയമപാലകര്‍ക്ക് അധികാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു.