ചണ്ഡീഗഡ്: പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തികളില്‍ തങ്ങുന്നത് തുടരുകയാണ്. അംബാലയ്ക്ക് സമീപമുള്ള ശംഭു അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഡാറ്റാ സിങ്വാല-ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കികളും പ്രയോഗിച്ചു. ഈ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെ പല സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ ഒഴുകി വരികയാണ്. ഹരിയാന അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ മറികടക്കാന്‍ പഞ്ചാബില്‍ നിന്നുള്ള പ്രതിഷേധ കര്‍ഷകര്‍ ഒരു പുതിയ ശ്രമം നടത്തുന്നുണ്ട്. താങ്ങുവില ഉറപ്പാക്കല്‍ നിയമം, കര്‍ഷകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുക, വിള ഇന്‍ഷ്വറന്‍സ് നടപ്പാക്കുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ രണ്ടാം കര്‍ഷക സമരവുമായി മുന്നോട്ടുപോകുന്നത്. മാര്‍ച്ചിനെ പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ പോലീസ് തടയാന്‍ ശ്രമിച്ചതോടെ ചൊവ്വാഴ്ച വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്.