ചെന്നൈ: ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും വഹിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 2024- 2025 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തങ്കം തെന്നരസു തമിഴ്നാട് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡിന് മേല്‍പ്പറഞ്ഞ ആവശ്യത്തിനായി 2 കോടി രൂപ അധികമായി അനുവദിച്ചു.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ക്ഷേമത്തിനായി നിരവധി നൂതന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ തമിഴ്നാട് മുന്‍പന്തിയിലാണ്. ഉന്നത വിദ്യാഭ്യാസം വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക നിലയും വിജയവും വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് തെന്നരസു പറഞ്ഞു. 2006-2011 ഡിഎംകെ ഭരണകാലത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് തമിഴ്നാട്. ടൗണ്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര 2021-ല്‍ സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്കും വ്യാപിപ്പിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ തടുങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി തങ്കം തെന്നരസ് അവതരിപ്പിച്ചത്. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് വിദ്യഭ്യാസത്തിനായി പ്രതിമാസം ആയിരം രൂപ നല്‍കും. മെട്രോ രണ്ടാം ഘട്ടത്തിന് 12,000 കോടിരൂപ വകയിരുത്തി.