പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഭോജ്പുരി നടനും പിന്നണി ഗായകനുമായ പവന്‍ സിംഗ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്ന് പ്രഖ്യാപിച്ചു. പൊതുതിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. എന്നാല്‍, തന്റെ തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അസന്‍സോളിലെ ബിജെപി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും ചില കാര്യങ്ങളാല് പിന്മാറുകയാണെന്നും പവന്‍ സിംഗ് അറിയിച്ചു. ഇന്നലെയാണ് പവന്‍ സിംഗിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാര്‍ട്ടി എന്നെ വിശ്വസിക്കുകയും അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു, എന്നാല്‍ ചില കാരണങ്ങളാല്‍ എനിക്ക് അസന്‍സോളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.