കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതിയില്‍ കാല്‍ വഴുതി വീണ് നെറ്റിയില്‍ മുറിവേറ്റ സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു. ആരോ പിന്നില്‍ നിന്ന് തള്ളിയതിനെ തുടര്‍ന്നാണ് മമത വീണതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ചികിത്സിക്കുന്ന ഡോക്ടറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്നീട് ഇത് നിഷേധിച്ചു. മുഖ്യമന്ത്രിയുടെ കൊല്‍ക്കത്തയിലെ വസതിയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആരോ പിന്നില്‍ നിന്ന് തള്ളിയതായി മുഖ്യമന്ത്രി ഉദ്യോഗസ്ഥനോട് പറഞ്ഞതിനെത്തുടര്‍ന്ന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനിത് ഗോയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
മമത തലകറങ്ങിയതിനെ തുടര്‍ന്ന് വീണതാകാമെന്നാണ് ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്. മമതയെ ആരും പിന്നില്‍ നിന്ന് തള്ളിയിട്ടില്ല. തലകറങ്ങുന്നതു പോലെ തോന്നി, പിന്നീട് വീഴുകയായിരുന്നുവെന്നും ശശി പാഞ്ച പറഞ്ഞു. കാളിഘട്ടിലെ കുടുംബവീട്ടിലാണ് മമത താമസിക്കുന്നത്. തലയില്‍ നാല് സ്റ്റിച്ച് ഇട്ട ശേഷം പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.