വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അഞ്ചാംഘട്ട പട്ടിക ബിജെപി പുറത്തിറക്കി. 111 പേരുകള്‍ അടങ്ങുന്ന പട്ടികയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു കേന്ദ്രമന്ത്രി, മുന്‍ കേന്ദ്രമന്ത്രിമാര്‍, പുതുമുഖങ്ങള്‍, ടേണ്‍കോട്ട് എന്നിവ ഉള്‍പ്പെടുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
വ്യവസായിയും മുന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗവുമായ (എംപി) നവീന്‍ ജിന്‍ഡാല്‍, നടി കങ്കണ റണാവത്ത് എന്നിവരും പട്ടികയിലുണ്ട്. കങ്കണയ്ക്ക് സ്വന്തം ജന്മനാടായ മാണ്ഡിയില്‍ നിന്നുമാണ് മത്സരം.മനേക ഗാന്ധി സുല്‍ത്തന്‍പൂരിലെ സ്ഥാനാര്‍ത്ഥിയാണ്. ഇന്ന് ബിജെപിയില്‍ ചേര്‍ന്ന നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്ര സ്ഥാനാര്‍ഥി. അതുല്‍ ഗാര്‍ഗ് ഗാസ്യാബാദില്‍ നിന്നും ജിതിന്‍ പ്രസാദ പീലിബിത്തില്‍ നിന്നും ജനവിധി തേടും. ജാര്‍ഖണ്ഡിലെ ധൂംകയില്‍ സിത സോറന്‍, സമ്പല്‍പുരില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തിരുപ്പതിയില്‍ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാര്‍ത്ഥികളാണ്.
ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, രാജസ്ഥാന്‍, സിക്കിം, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. നടി കങ്കണ റണാവത്തിനും നടന്‍ അരുണ്‍ ഗോവിലിനു പുറമേ പ്രമുഖ വ്യവസായി നവീന്‍ ജിന്‍ഡാല്‍, ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി റാമറാവുവിന്റെ മകളും ആന്ധ്രാ പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷയുമായ ഡി പുരന്ദരേശ്വരി, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, ധര്‍മേന്ദ്ര പ്രഥാന്‍, ബിജെപി നേതാക്കാളായ രവിശങ്കര്‍ പ്രസാദ്, ജഗദീഷ് ഷെട്ടാര്‍, സംബിത് പാത്ര, മനേക ഗാന്ധി, ജിതിന്‍ പ്രസാദ, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സീത സോറന്‍, ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, നടന്‍ ജി കൃഷ്ണകുമാര്‍, പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ടിഎന്‍ സരസു, ബിജെപി നേതാവ് മനേക ഗാന്ധി എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. ഏഴ് ഘട്ടങ്ങളുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഏപ്രില്‍ 19 ന് ആരംഭിക്കും. ഫലം ജൂണ്‍ 4 ന് പ്രഖ്യാപിക്കും.