കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അഞ്ചിലധികം സീറ്റുകള്‍ നേടുമെന്ന് മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ കേരളീയരുടെ മനസ്സില്‍ വല്ലാത്തൊരു കുലുക്കമാണ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണിത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ഞങ്ങള്‍ വോട്ട് പാഴാക്കിയെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്.
ഇഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തോട് പ്രതികരിക്കവെ ബിജെപിയുമായും സര്‍ക്കാരുമായും ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നിയമ നടപടിയാണ്. സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉത്തരേന്ത്യയുടെ മാത്രം പാര്‍ട്ടിയാണെന്ന ധാരണ പ്രചരിപ്പിക്കുന്നവര്‍ക്ക് തെറ്റിയെന്നും അത്തരത്തിലൂള്ള ഒരുവിഭജനത്തിന് ഇന്ന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ ഒന്നാണ്, എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.